നാദാപുരം പള്ളി Nadapuram Palli

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന നാദാപുരം പള്ളി ഒരു നാടിന്റെ മാത്രമല്ല മലയാളക്കരയുടെ തന്നെ ആത്മീയ, വിജ്ഞാന മണ്ഡലങ്ങളില്‍ വേറിട്ടുനില്‍കുന്ന ആരാധനാലയമാണ്. നിര്‍മാണത്തിലെ സവിശേഷതകള്‍ കൊണ്ടും ഈ പള്ളി ശ്രദ്ധേയമാണ്. രണ്ടു പതിറ്റാണ്ടുകാലത്തെ പ്രയത്‌നത്തിലാണ് ഇന്നു കാണുന്ന പള്ളിയും അതിന്റെ വിശാലമായ കുളവും പണികഴിപ്പിച്ചത്. തച്ചുശാസ്ത്രത്തിന്റെ അതിശയിപ്പിക്കുന്ന നിര്‍മാണ ചാരുത പള്ളിയുടെ ഗാംഭീര്യത്തെ ഉയര്‍ത്തിക്കാട്ടുന്നു. തച്ചുശാസ്ത്ര നിപുണനും കണ്ണൂരിലെ മട്ടന്നൂര്‍ സ്വദേശിയുമായ മൗലാന യഅ്കൂബ് മുസ്‌ലിയാരുടെ നേതൃത്വത്തിലായിരുന്നു പള്ളി നിര്‍മിച്ചത്. കേരളത്തിന്റെയും പേര്‍ഷ്യയുടെയും നിര്‍മാണ ശൈലികള്‍ ഇവിടെ പ്രയോഗിച്ചിട്ടുണ്ട്. പള്ളിയുടെ അകത്തളത്തില്‍ ഒരു മീറ്റര്‍ ചുറ്റളവും നാലുമീറ്റര്‍ ഉയരവുമുള്ള കരിങ്കല്‍ തൂണുകളാണുള്ളത്. മൂന്നു തട്ടുകളിലായുള്ള പള്ളിയുടെ ഏറ്റവും മുകളിലെ തട്ട് പൂര്‍ണമായും മരത്തില്‍ തീര്‍ത്തതാണ്. ഒന്നാം പള്ളിയുടെ അകത്തളത്തില്‍ അതിമനോഹരങ്ങളായ കൊത്തുപണികളും കാണാം. പ്രസംഗപീഢവും ശ്രദ്ധേയമാണ്.

മുവ്വായിരത്തോളം പേര്‍ക്ക് ആരാധനാകര്‍മങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഈ പള്ളിയില്‍ ഇന്നുവരെ ഉച്ചഭാഷിണി ഉപയോഗിച്ചിട്ടില്ല. നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമിന്റെ ചലനങ്ങള്‍ മുകള്‍ തട്ടുകളിലേക്ക് അറിയാന്‍ മുഅദ്ദിന്‍ ഉച്ചത്തില്‍ തക്ബീറുകള്‍ ചൊല്ലുന്ന പതിവാണ് ഇവിടെയുള്ളത്. വടക്കന്‍ പാട്ടുകളിലും മറ്റും പരാമര്‍ശമുള്ള പള്ളിക്ക് അഞ്ചുനൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. നോമ്പുകാലത്തും ഇവിടെ വിശേങ്ങള്‍ നിരവധിയുണ്ട്. നൂറുകണക്കിനാളുകള്‍ക്ക് ദിവസവും അത്തായം നല്‍കുന്നു. 27-ാം നോമ്പിനു സമീപപ്രദേശങ്ങളില്‍ നിന്നെല്ലാം വിശ്വാസികള്‍ ഖബര്‍ സിയാറത്തിനായി ഇവിടെയെത്താറുണ്ട്.

നാദാപുരം പള്ളിയില്‍ നിന്ന് വിജ്ഞാന പ്രാകാശമേറ്റുവാങ്ങി കേരളത്തിന്റെ വിവിധ കോണുകളിലേക്ക് പോയ ആയിരക്കണക്കിന് പണ്ഡിതരുണ്ട്. നാദാപുരത്ത് മതപ്രബോധനത്തിനെത്തിയ ആദ്യ വ്യക്തിയായിരുന്നു പൂച്ചാക്കൂല്‍ ഓര്‍ എന്ന സൂഫി വര്യന്‍. ഖാദി മുഹമ്മദ് മുസ്‌ലിയാര്‍, ഖുത്തുബി മുഹമ്മദ് മുസ്‌ലിയാര്‍, അഹ്മദ് ശീറാസി, കീഴനോര്‍ എന്നറിയപ്പെടുന്ന കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, മേനക്കോത്ത് കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാര്‍, ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നാദാപുരത്ത് ദര്‍സ് നടത്തിയ പ്രമുഖരാണ്.
കളരിയും കച്ചവടവും ആത്മീയതയുമെല്ലാം കൂടിച്ചേര്‍ന്ന വ്യതിരിക്തമായ ഒരു ചരിത്ര പാരമ്പര്യം നാദാപുരത്തിനുണ്ട്.
കലാപങ്ങളും സംഘര്‍ഷങ്ങളും ഇടക്കിടെയുണ്ടാകുമെങ്കിലും മഹനീയമായൊരു പാരമ്പര്യം ഈ നാട്ടിനുണ്ടെന്നത് പുതുതലമുറയ്ക്ക് അന്യമാണ്. രാജപാരമ്പര്യത്തിന്റെ വീരചരിതങ്ങളും വെള്ളക്കാരുടെ കച്ചവട താല്‍പര്യങ്ങളും വീറും വാശിയുമേറിയ പോരാട്ടങ്ങളും ഇടകലര്‍ന്ന് രൂപപ്പെട്ടതാണ് അതിന്റെ സംസ്‌കാരം. കടത്തനാടിന്റെ ഭാഗമാണ് നാദാപുരം. കേരളത്തിലെ പ്രമുഖ പൗരാണിക തുറമുഖങ്ങളില്‍ ഒന്നായ വടകരയിലേക്ക് ചരക്കുകള്‍ കടത്തുന്ന പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു നാദാപുരം.
അറബികള്‍, ഗുജറാത്തികള്‍, സിന്ധികള്‍ എന്നിവരാണ് വടകരയിലെ കച്ചവടത്തെ നിയന്ത്രിച്ചിരുന്നതെങ്കില്‍ മാപ്പിളമാരും രാവാരി നായന്‍മാരുമായിരുന്നു നാദാപുരത്തെ കച്ചവടക്കാര്‍. ശ്രീനാരായണ വാഗ്ഭടാനന്ദ സ്വാമികളുടെ സന്ദേശങ്ങളും സൂഫിവര്യന്‍മാരുടെ പ്രബോധനവും ഇവിടുത്തെ സാംസ്‌കാരിക പാരമ്പര്യത്തിന് കരുത്തേകിയിട്ടുണ്ട്. 1869ല്‍ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളരാജ്യം ചരിത്രത്തോടുകൂടിയ ഭൂമിശാസ്ത്രം എന്ന തന്റെ കൃതിയില്‍ നാദാപുരം അങ്ങാടിയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു

കടപ്പാട്. സുപ്രഭാതം ഡെയ്ലി

Leave a Reply

Your email address will not be published. Required fields are marked *